കോഴിക്കോട്: സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗിക അതിക്രമ പരാതിയിൽ കേസെടുക്കുന്നതിലുണ്ടായ വീഴ്ചകൾ തുറന്നുപറഞ്ഞ് പരാതിക്കാരി. മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷവും എഫ്ഐആർ ഇടുന്നതിൽ വീഴ്ചയുണ്ടായി. നവംബർ 24ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്ഐആർ ഇട്ടത് ഡിസംബർ എട്ടിനാണ്. മനപൂർവമാണ് കുഞ്ഞുമുഹമ്മദ് അതിക്രമം നടത്തിയതെന്നും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരി പറയുന്നു.
അതിക്രമം ഒരുവിധ തെറ്റിദ്ധാരണയുടെയും ഭാഗമല്ല. നടന്നത് ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യവുമല്ല. സ്വന്തം സ്ഥാനത്തിന്റെ അധികാരപരമായ നേട്ടം എന്താണെന്ന് അറിയുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവൃത്തിയാണെന്നും അതിജീവിത പറയുന്നു. ഡിസംബർ 8ന് ചാനലുകളിൽ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നില്ല. അതിനിടയിൽ തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ ഐഎഫ്എഫ്കെയും നടന്നു. തൻ്റെ ശബ്ദം ഉയരാതിരിക്കാനാണോ നീക്കങ്ങൾ വേഗത്തിലായതെന്നു ചോദിക്കാതെവയ്യെന്നും അവർ പറഞ്ഞു.


