തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. പരിപാടിയുടെ പേരിലും ബില്ല് സമർപ്പിച്ചു. നന്ദഗോവിന്ദം ഭജൻസിന് എട്ടു ലക്ഷം രൂപ കൊടുത്തതായാണ് ബില്ല് സമർപ്പിച്ചത്. എന്നാൽ നന്ദഗോവിന്ദം ടീമിന്റെ പരിപാടി അവിടെ നടന്നിരുന്നില്ല.
അതേസമയം,ആഗോള അയ്യപ്പ സംഗമത്തില്‍ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ടീം വ്യക്തമാക്കി. പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചിരുന്നുവെന്ന് പ്രോഗ്രാം കോഡിനേറ്റർ ഉണ്ണികൃഷ്ണൻ പറഞ്ഞു.ഡേറ്റ് ഇല്ലാത്തതിനാൽ പരിപാടി ഏറ്റെടുത്തില്ലെന്നും തങ്ങളോട് ആരും ബിൽ വാങ്ങിയിട്ടില്ലെന്നും പ്രോഗ്രാം കോഡിനേറ്റർ പറഞ്ഞു.ചെയ്യാത്ത പരിപാടിയെ കുറിച്ച് അഭിപ്രായം പറയില്ലെന്നും ടീം വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയ സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. കണക്കുകളിൽ ഗുരുതര ക്രമക്കേടെന്നും പന്തൽ നിർമ്മാണം ടെണ്ടർ ഇല്ലാതെയാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഊരാളുങ്കല്ലിനാണ് ടെൻഡർ ഇല്ലാതെ പന്തൽ നിർമ്മാണം നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. രണ്ട് കോടി രൂപയുടെ സ്പോൺസർഷിപ്പിന്റെ വിശദാംശങ്ങൾ റിപ്പോർട്ടിൽ നൽകിയിട്ടില്ല. രണ്ട് ലക്ഷം കണക്കാക്കിയ കലാപരിപാടികൾക്ക് എട്ട് ലക്ഷം ചെലവായി.


