കോഴിക്കോട്: നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിച്ചു. പി ടി എ റഹീം എം എല്‍ എയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എന്‍ എസ് സി) ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ (ഐഎന്‍എല്‍) ലയിച്ചു. ലയന സമ്മേളനം അടുത്തമാസം കോഴിക്കോട്ട് വെച്ച് നടക്കും. എല്‍ ഡി എഫ് പ്രവേശനം സാധ്യമായ ഉടന്‍ നേരത്തെ പാര്‍ട്ടിവിട്ടവരെയും മറ്റ് ന്യൂനപക്ഷ പാര്‍ട്ടികളിലെ നേതാക്കളെയും ഒപ്പം ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ എന്‍ എല്‍ തുടങ്ങിയിരുന്നു. നേരത്തെ പാര്‍ട്ടിവിട്ട പ്രാദേശിക നേതാക്കളില്‍ ഏറെപേര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടങ്ങിയതോടെ പാര്‍ട്ടിയില്‍ തിരിച്ചെത്തി കഴിഞ്ഞു. അടുത്തിടെ മുസ്ലിം ലീഗിലേക്ക് പോയ ചില നേതാക്കളെയും പി ഡി പിയില്‍ നിന്നും മറ്റും ചിലരെയും പാര്‍ട്ടിയിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് റഹീമിനെയും കൂട്ടരെയും ഐ എന്‍ എല്ലില്‍ എത്തിച്ചിരിക്കുന്നത്.
വലിയ തോതിലുള്ള പ്രവര്‍ത്തക പങ്കാളിത്വത്തോടെ, എല്‍ ഡി എഫ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ലയന സമ്മേളനം നടക്കുക. എല്‍ഡിഎഫ് പ്രവേശം സാധ്യമായതോടെ ചെറുകിട ന്യൂനപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും പാര്‍ട്ടിയോട് അടുപ്പിച്ച് സംസ്ഥാന ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ പുതിയ ശക്തിയായി ഉയര്‍ന്നുവരാനുള്ള ഐ എന്‍ എല്ലിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് നീക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരു പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ നടന്ന നിരന്തര ചര്‍ച്ചകള്‍ക്ക് നടത്തിവരികയായിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.
ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനത്തോടെ ഐ എന്‍ എല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങള്‍ക്ക് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലുമെല്ലാം നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ സംഘടനാ പ്രവര്‍ത്തനമുണ്ട്. റഹീമിന് പിന്നാലെ മറ്റ് ഇടത് സ്വതന്ത്ര എം എല്‍ എമാരായും പാര്‍ട്ടിയിലെത്തിക്കാനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പലരുമായും പ്രാഥമിക ചര്‍ച്ചകളും നടന്നു കഴിഞ്ഞു.
ചെറു ന്യൂനപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും ഒപ്പം നിര്‍ത്തി അടിത്തറ വര്‍ധിപ്പിക്കുന്നതിന് ഐ എന്‍ എല്ലിന് എല്‍ ഡി എഫിലെ പ്രബല കക്ഷിയായ സി പി എമ്മിന്റെ ഉറച്ച പിന്തുണയുണ്ട്. നേരത്തെ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ഇത്തരം ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിക്കാന്‍ ഐ എന്‍ എല്ലിനോട് എല്‍ ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.


