തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രൊജക്റ്റ് സിന്‍ഡിക്കേറ്റിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രശംസ. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി തരൂര്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തിയത് നേരത്തെയും വിവാദമായിരുന്നു. ഇതിനിടെ പാര്‍ട്ടി നേതൃത്വവുമായി തരൂര്‍ സമവായത്തിലെത്തിയെന്ന സൂചനകള്‍ക്കിടെയാണ് പുതിയ മോദി സ്തൂതി.
കേരളത്തിലടക്കം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് തരൂരിന്റെ ലേഖനം വരുന്നത്. ഇന്ത്യയിലെ മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞുപോകുമ്പോള്‍ എന്ന തലവാചകത്തില്‍ മംഗളം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയിലെ മാവോയിസ്റ്റ് വെല്ലുവിളി കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്ന് വ്യക്തമാക്കുന്നുണ്ട്.ശ്രീലങ്കയിലെ തമിഴ് പുലികളെ പരാജയപ്പെടുത്താനും 40 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും 2009ല്‍ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്സെ അഴിച്ചുവിട്ട വിനാശകരമായ ആക്രമണ വഴിയല്ല ഇന്ത്യ സ്വീകരിച്ചത്. പകരം കലാപത്തിന്റെ കാരണങ്ങളേയും പ്രത്യാഘാതങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞുള്ള വളരെ സൂക്ഷ്മവും സമഗ്രവുമായ തന്ത്രമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചതെന്നും തരൂര്‍ ലേഖനത്തില്‍ പുകഴ്ത്തുന്നു.


