ഓടിക്കൊണ്ടിരുന്ന കാർ കിണറ്റിലേക്കു വീണുണ്ടായ അപകടത്തിൽ നവദമ്പതികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇന്നലെ വൈകിട്ട് കൊട്ടാരക്കലിൽ നിന്ന് ആലുവയിലേക്ക് കാറിൽ പോകാനൊരുങ്ങുകയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം കോലഞ്ചേരി പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപമാണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. 15 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് കാർ വീണത്.
ആലുവ കൊമ്പാറ സ്വദേശികളുമായ കാർത്തിക് എം അനിൽ (27), വിസ്മയ (26), എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് കാർ ഉള്ളിലേക്ക് വീണു. കിണറിൽ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്.


