കോഴിക്കോട് നഗര പരിധിയില്‍ ഇന്ന് 144 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോര്പ്പറേഷന് പരിധിയില്‍ നാലിടത്തായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 801 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേരുടെ ഫലം പോസിറ്റീവായത്. ഇതാദ്യമായാണ് ജില്ലയില്‍ ഒരു മാര്‍ക്കറ്റില്‍ ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
സെന്‍ട്രല്‍ മാര്‍ക്കറ്റ് കൂടാതെ തീരദേശമേഖലയായ പയ്യാനക്കല്ലില് 20 പേര്‍ക്കും വെള്ളയില്‍ എട്ടു പേര്‍ക്കും വെസ്റ്റ്ഹില്ലില്‍ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കൂടുതലായി ഇടപെടുകയും നിത്യേന ആളുകള്‍ പലവിധ ആവശ്യങ്ങള്‍ക്കായി എത്തുകയും ചെയ്യുന്ന കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ രോഗം പടര്‍ന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനോട് ചേര്‍ന്ന് കിടക്കുന്ന കടലുണ്ടി, ഫറൂഖ് മേഖലകളിലും രോഗവ്യാപനം ശക്തമാണ്.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ 261 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 33 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. സമ്പര്‍ക്കം വഴി 206 പേര്‍ക്കും രോഗം ബാധിച്ചിരുന്നു.


