ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഓടാന്‍ കഴിയും വിധം ‘സ്റ്റേറ്റ് വൈഡ്’ പെര്‍മിറ്റ് അനുവദിക്കുന്ന കാര്യം മോട്ടോര്‍ വാഹനവകുപ്പിന്റെ പരിഗണനയില്‍. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗം വിഷയം പരിഗണിക്കും. പെര്‍മിറ്റ് കൂടുതല്‍ ഉദാരമാകുന്നതോടെ ദീര്‍ഘദൂരത്തേക്കുള്ള ഓട്ടങ്ങള്‍ ലഭിക്കുമെന്നതാണ് തൊഴിലാളികള്‍ക്ക് ‘മുന്നിലുള്ള പ്രതീക്ഷ.
ഓട്ടോറിക്ഷ മേഖലയിലെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്. നിലവില്‍ അതത് ജില്ലകളില്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ ഓടാന്‍ പെര്‍മിറ്റ്ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയില്‍ 20 കി ലോമീറ്റര്‍ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും. സാങ്കേതിക സൗകര്യം ഒട്ടുമില്ലാത്ത പഴയ കാല ഓട്ടോറിക്ഷകള്‍ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെര്‍മിറ്റുകള്‍ ജില്ല അടി സ്ഥാനത്തില്‍ പരിമിതപ്പെടുത്തിയത്.
ജില്ലകളില്‍ പെര്‍മിറ്റ് പരിമിതപ്പെടുത്തിയതിന് പിന്നില്‍
ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതാണെന്നും ഈ സാഹചര്യത്തില്‍ പെര്‍മിറ്റ് സംസ്ഥാന അടിസ്ഥാനത്തിലാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. പഴയകാല ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിന് താഴെയായാണ് എന്ജിന്. ഒരു മണിക്കൂര്‍ ഓടുമ്പോഴേക്കും എന്ജിന് ചൂടാവുകയും വാഹനം നിര്‍ത്തി ഇടേണ്ടി വരുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അന്ന് അതത് ജില്ലകളില്‍ പെര്‍മിറ്റ് പരിമിതപ്പെടുത്തിയത്. ഇപ്പോഴിറങ്ങുന്ന ഓട്ടോകള്‍ തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ വരെ ഓടിക്കാന്‍ കഴിയുമെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാപ്പിക്കുന്നതിന്റെ പേരില്‍ ഇ-ഓട്ടോറിക്ഷകള്‍ പെര്‍മിറ്റ് ഒഴിവാക്കിയിരുന്നു. പക്ഷേ, ഇവര്‍ക്കും ജില്ലകളില്‍ മാത്രമാണ് ഓടാന്‍ അനുമതി. ഔദ്യോഗിക അജണ്ടയായാണ് വിഷയം എസ്. ടി.എ യോഗത്തിലേക്കെത്തുന്നത്. അതു കൊണ്ട് മറ്റ് എതിര്‍പ്പുകളില്ലെങ്കില്‍ പാസാകാനാണ് സാധ്യത. സംസ്ഥാനാടിസ്ഥാനത്തിലുള്ള പെര്‍മിറ്റിന് തടസ്സമുണ്ടെങ്കില്‍ അയല്‍ ജില്ലകളില്‍ 30-40 കിലോമീറ്റര്‍ വരെ ഓടാന്‍ അനുവദിക്കണമെന്ന ആവശ്യവും രേഖാമൂലം എസ്.ടി.എയുടെ മുന്നിലുണ്ട്.


