മുന്‍ കേരള ഫുട്ബോള്‍ പരിശീലകനും കളിക്കാരനുമായ ടി കെ ചാത്തുണ്ണി(80) അന്തരിച്ചു. ഇന്ന് രാവിലെ 7 45ഓടെ കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി അദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് ടി കെ ചാത്തുണ്ണിയുടെ മരണം സംഭവിച്ചത്. ഫുട്ബോള്‍ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു ടി കെ ചാത്തുണ്ണി.
ഇന്ന് 12 മുതൽ 1 മണി വരെ ചാലക്കുടി നഗരസഭയിൽ പൊതുദർശനം നടക്കും. തുടർന്ന് മൃതദേഹം ചാലക്കുടിയിലെ അദേഹത്തിന്റെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ 10ന് വടൂക്കര ശ്മശാനത്തിൽ നടക്കും. വാസ്കോ ഗോവ, സെക്കന്ദരാബാദ്, ഓര്‍കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു ടികെ ചാത്തുണ്ണി.സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചു. കളിക്കാരനായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ അദേഹത്തിനുണ്ടായിരുന്നു. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു.