തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല പ്രശ്നം സജീവമാക്കാന്‍ നീക്കം തുടങ്ങി. നോട്ടീസുകളും ഫ്ളക്സുകള്‍ക്കും പുറമേ നാളെ സെക്രട്ടറിയേറ്റിനു മുന്നില്‍ നാമജപ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സമിതി. അതേസമയം സമിതിക്കെതിരെ ഇടതുമുന്നണി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത് എന്നതാണ് ശബരിമല കര്‍മ്മസമിതിയുടെ മുദ്രാവാക്യം. സംസ്ഥാനമാകെ കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചും വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് പ്രചരണം നടത്തുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിനേക്കുറിച്ചോ ബിജെപി സ്ഥാനാര്‍ത്ഥികളേക്കുറിച്ചോ നോട്ടീസില്‍ പരാമര്‍ശമൊന്നും ഇല്ല.
വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് പിന്നാലെയാണ് നാളെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള നാമജപപ്രതിഷേധം. ശബരിമല സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കള്ളക്കേസുകള്‍ എടുക്കുന്നു എന്ന പേരിലാണ് പ്രതിഷേധം. കര്‍മ്മസമിതി പ്രചരണം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

