തൃശൂർ ∙ ഡെന്റൽ സ്റ്റുഡിയോ ഉടമയും ജീവനക്കാരിയും ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചു മരിച്ച നിലയിൽ. വടക്കാഞ്ചേരി വാഴക്കോട് അകമല പടിഞ്ഞാറെ കുഴികണ്ടത്തിൽ ബിനു ജോയ് (32), ജീവനക്കാരി ഗോവ സ്വദേശി പൂജ ദീപക് റാത്തോഡ് (22) എന്നിവരെയാണ് ശക്തൻ നഗർ ബസ് സ്റ്റാന്റിനു സമീപത്തെ വ്യാപാര സമുച്ചയത്തിലെ റോയൽ ഡെന്റൽ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടച്ചിട്ട മുറിയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചതു മൂലമുണ്ടായ വിഷപ്പുകയിലാണ് മരണമെന്നു പൊലീസ് പറഞ്ഞു.

ഡെന്റൽ സാമഗ്രികൾ നിർമിക്കുന്ന സ്ഥാപനമാണിത്. അവധിയായിരുന്നെങ്കിലും ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സ്ഥാപനത്തിലെത്തിയ ഇവർ ഷട്ടർ അകത്തുനിന്ന് അടച്ച ശേഷം ജനറേറ്റർ ഓൺ ചെയ്തിരുന്നു. അതിൽനിന്നു വന്ന കാർബൺ മോണോക്സൈഡ് വാതകം മുറിയിൽ നിറഞ്ഞതായി പൊലീസ് കണ്ടെത്തി. ഇതു ശ്വസിച്ചാൽ നിമിഷങ്ങൾക്കകം ബോധക്ഷയമുണ്ടാകുകയും മരിക്കുകയും ചെയ്യും. പോസ്റ്റ് ഓഫിസ് റോഡിൽ ഒരു വർഷം മുൻപു ഇതേ രീതിയിൽ രണ്ടുപേർ മരിച്ചിരുന്നു. യുവതിയെ കാണാനില്ലെന്ന് അയ്യന്തോളിലെ ഹോസ്റ്റൽ അധികൃതർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. നെടുപുഴ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.


