തുടര്‍ച്ചയായി 5ആം ദിവസവും പെട്രൊളിന് വില കൂടുകയാണ്. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വര്‍ധിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇന്ധനവിലകൂട്ടാന് തുടങ്ങിയത്. ഇത് ജനദ്രോഹ നടപടിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിക സമിതി അംഗം ഉമ്മന്‍ ചാണ്ടി. കൊറോണ ഭീഷണിയും സാമ്പത്തികതകര്‍ച്ചയും മൂലം നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് സമാശ്വാസം നല്കാന് ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച കേന്ദ്രനികുതിയും റോഡ് സെസും അടിയന്തരമായി പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ വില കൂടുതലായതിനാലാണ് ഇന്ത്യയിലെ ഇന്ധനവിലയും കൂട്ടാന്‍ കാരണമെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ ഏപ്രിലില്‍ അസംസ്കൃത എണ്ണ വില ബാരലിന് 19.9 ഡോളറായി കുത്തനേ ഇടിഞ്ഞിരുന്നു. അപ്പോള്‍ കേന്ദ്രം റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചു.
അതോടെ അന്താരാഷ്ട്ര വിപണയിലെ വിലയിടിവിന്റെ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ചില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോക്ക് ഡൗണും കൊവിഡും ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. തല്‍സ്ഥിതിയില്‍ ഇന്ധനവില കൂട്ടുന്ന നടപടി കേന്ദ്രം പിന്‍വലിക്കേണ്ടതാണ്.


