ന്യൂഡല്‍ഹി: രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ധാരണ. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്നതാകും ഉചിതമെന്ന് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് ഔദ്യോഗിക വിവരം. അതേ സമയം ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്കാന് സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്. ഇത് സംബന്ധിച്ച വിശദമായ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് വിവരം.
വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താന്‍ ലോക്ക് ഡൗണ്‍ കാര്യക്ഷമമായിരുന്നു എന്ന വിലയിരുത്തലാണ് യോഗത്തില്‍ പൊതുവെ ഉണ്ടായത് എന്നാണ് വിവരം. ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ലെന്നാണ് സൂചന. ഘട്ടം ഘട്ടമായി ഇളവ് എന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചതായാണ് വിവരം.


