പാലാ: കെ എം മാണിയുടെ മൃതശരീരം അല്‍പ്പസമയത്തിനകം പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ എത്തിക്കും. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു.

രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. രാത്രി ഒരു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

രാവിലെ പത്തു മണിയോടെഎറണാകുളത്തെ ലേക്ഷോര് ആശുപത്രില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര പ്രതീക്ഷിച്ചതിലും പതിമൂന്ന് മണിക്കൂര്‍ വൈകിയാണ് കോട്ടയത്ത് എത്തിയത്. അര്‍ദ്ധരാത്രിയിലും ഊണും ഉറക്കവുമില്ലാതെ കാത്തുനിന്നത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകള്‍. ഒരുമണിക്കുര്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചു.

ഊണും ഉറക്കവും ഒഴിഞ്ഞ് കാത്തിരുന്ന നാനാതുറയില്‍പെട്ട ആളുകള്‍ കെഎംമാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരള കോണ്‍ഗ്രസിന്റെ പിറവിയും പിളര്‍പ്പും അടക്കം കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രദാന തീരുമാനങ്ങള്‍ക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാവും അത്രമേല്‍ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്.

