എറണാകുളം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്ക് പിന്നാലെ രാജ്യത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാര്‍ഹിക സിലിണ്ടറുകളെ ബാധിക്കില്ലെന്നും ലഭ്യത ഉറപ്പാക്കാന്‍ രൂപീകരിച്ച മൂന്നംഗ സമിതി ഇന്ന് വ്യവസായികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ കൊച്ചി നഗരത്തില്‍ ഇന്നലെ നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഹോട്ടല്‍ മേഖല പൂര്‍ണമായും സ്തംഭിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് അസീസ് പറഞ്ഞിരുന്നു.
പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം രാജ്യത്തെ ജനങ്ങളെയും ബാധിച്ചുതുടങ്ങിയെന്നും വാണിജ്യ സിലിണ്ടറുകള്‍ തീരെ കിട്ടാനില്ലെന്നാണ് ഹോട്ടലുടമകളുടെ പരാതി. സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമായില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഗാര്‍ഹിക സിലിണ്ടറുകളുടെ ബുക്കിങ്ങിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.


