കാസർകോട്: പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഒരാളെകൂടി പ്രതിചേർക്കാൻ സാധ്യത. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ചുമട്ടു തൊഴിലാളിയാണ് പ്രതിസ്ഥാനത്തുള്ളത്. അതേസമയം അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ഇരകളുടെ കുടുംബത്തിന്റെ ആരോപണം.

മതിയായ തെളിവുകൾ ലഭിച്ചതിന് ശേഷമാണ് നിലവിൽ ഒളിവിൽ താമസിക്കുന്ന ആളെ പ്രതിചേർക്കാൻ അന്വേഷണ സംഘം തീരുമാനം എടുത്തത്. വെളുത്തോളി സ്വദേശിയും പെരിയയിലെ ചുമട്ടു തൊഴിലാളിയുമായ ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. മറ്റു പ്രതികളോടൊപ്പം ഇയാളും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നാണ് കണ്ടെത്തൽ. ഇയാളുടെ വീടിനടുത്താണ് പ്രതികൾ സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചത്. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുക്കുക.


