രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് നിഷ്ഠൂരമായ കാര്യങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി. സാധരണഗതിയില്‍ ഒരു മനുഷ്യന് ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് രാഹുല്‍ ചെയ്യുന്നതെന്നും ഇക്കാര്യങ്ങള്‍ക്കായി രാഹുല്‍ എംഎല്‍എ സ്ഥാനവും പദവികളും ഉപയോഗിക്കുന്നതിനാലാണ് ഇതൊരു പൊതുപ്രശ്നമായി മാറുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
രാഹുല്‍ ചെയ്തത് നിഷ്ഠുരമായ കാര്യമാണ്. കോണ്‍ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അയാള്‍ക്ക് രാജിവെക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ കയ്യിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്ലാറ്റ് വാങ്ങിക്കാന്‍ നിര്‍ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റേത്. മന്ത്രി വ്യക്തമാക്കി.രാഹുലിന്റെ കേസുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനുനേരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി ശിവന്‍കുട്ടി ഉയര്‍ത്തിയത്. ഇതൊരു വ്യക്തിയുടെ പ്രശ്നമായല്ല ജനങ്ങള്‍ കാണുന്നതെന്നും ഇത് കോണ്‍ഗ്രസിന്റെ മുഖമാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ശക്തമായ നടപടിയെക്കുന്നതില്‍ കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭയക്കുന്നു. ആരുടെ ധൈര്യത്തിലാണ് രാഹുല്‍ നിയമത്തെ വെല്ലുവിളിക്കുകയും സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് ഉന്നതരും രാഹുലും തമ്മില്‍ പരസ്പര ധാരണയോ കൂട്ടുകച്ചവടമോ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


