ന്യുഡൽഹി: സുപ്രീം കോടതി മുതിർന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ വിലക്കാനുള്ള സുപ്രീം കോടതി വിധി ലില്ലി തോമസ് നൽകിയ ഹർജിയിലായിരുന്നു. 1968ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങിയ ലില്ലി തോമസ് ചങ്ങനാശേരി കുത്തുകല്ലുങ്കൽ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്. മദ്രാസ് സർവകലാശാലയിൽനിന്ന് എംഎൽ ബിരുദം നേടി. ഇന്ത്യയിൽ ആദ്യമായി എംഎൽ നേടിയ വനിതയെന്നും വിദേശകാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഉപദേശകൻകൂടിയായിരുന്ന പോളണ്ടുകാരൻ പ്രഫ.ചാൾസ് ഹെന്റി അലക്സാണ്ടർ വിഛിന്റെ ശിഷ്യയെന്നും തുടങ്ങിയ വിശേഷണങ്ങൾ അഡ്വ.ലില്ലിക്കുണ്ട്.

