തിരുവനന്തപുരം: അപകടങ്ങള്‍ നിയന്ത്രിക്കാനും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുമായുള്ള കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ പരിഷ്കാരം കര്‍ശനമാക്കുന്നു. ഇന്ന് മുതല്‍ ഇത് നടപ്പാക്കണമെന്ന് സി.എം.ഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. സഹകരിക്കാത്ത ജീവനക്കാരുടെ പട്ടികയും നല്‍കണം. കെ.എസ്.ആര്.ടി.സിയുടെ നാല് സ്കാനിയ ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയെങ്കിലും ജീവനക്കാരുടെ കുറവ് സര്‍വീസിനെ ദോഷകരമായി ബാധിച്ചിരുന്നു. ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ ദീര്‍ഘദൂര സര്‍വീസുകളില്‍ നിയമിക്കുന്നതോടെ നിശ്ചിതസമയത്ത് ഡ്യൂട്ടി മാറാമെന്നതാണ് മെച്ചം.
നാലായിരത്തിലേറെ എം. പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ എം.ഡിയുടെ ഈ നിര്‍ദ്ദേശം ജീവനക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡ്രൈവര്‍ ലൈസന്‍സുള്ള കണ്ടക്ടര്‍മാര്‍ ഏറെയില്ലാത്തതും തലവേദനയാണ്.
ഡ്രൈവര്‍മാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടിക്കിടരുതെന്നാണ് നിര്‍ദേശം.
പരിഷ്കാരത്തിന്റെ ഭാഗമായി രണ്ട് ലൈസന്‍സുള്ള ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. വിരലിലെണ്ണാവുന്നവരാണ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്. ഇവരില്‍ പലരും പുതിയ സംവിധാനത്തില്‍ ജോലി ചെയ്യാനാവില്ലെന്നും എം.ഡിയെ അറിച്ചിട്ടുണ്ട്. എന്തെതിര്‍പ്പുണ്ടായാലും കണ്ടക്ടര്‍ കം ഡ്രൈവര്‍ ലൈസന്‍സുള്ള രണ്ട് ഡ്രൈവര്‍മാരെ ഒരു ബസില്‍ നിയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനാണ് നീക്കം. രാത്രി ആറുമണിക്കൂറും പകല്‍ എട്ടു മണിക്കൂറും ജോലി ചെയ്താല്‍ മതിയെന്നാണ് അധികൃതരുടെ നിലപാട്.

