കണ്ണൂര്‍: വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും സ്വകാര്യവിമാനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയത് ധൂര്‍ത്തെന്ന് ആക്ഷേപം. കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥനാണ് ടിക്കറ്റടക്കം സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും അടക്കം 63പേര് യാത്ര ചെയ്തതിന് 2,28,000 രൂപയാണ് ചെലവ്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇന്ന് വൈകുന്നേരം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയര്‍ ഫ്ലൈറ്റില്‍ ഒറ്റ PNR നമ്പറില്‍ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാര്‍. ഇതില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത്രിമാരും പരിവാരങ്ങളും ഗണ്മാന്മാരും സഖാക്കളും DYFI നേതാക്കളും ഉള്‍പ്പെടുന്നു. സംശയിക്കേണ്ട, ഈ ശുഭയാത്രയ്ക്ക് Rs 2,28,000 രൂപ ചിലവഴിച്ചത് ODEPC എന്ന തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമാണ്. എന്നുമാത്രമല്ല, മുഖ്യമന്ത്രിയുള്‍പ്പെടെ യാത്രചെയ്തപ്പോള്‍ ബില്ലില്‍ കൊടുത്തിട്ടുള്ള ODEPC അഡ്രസ് പോലും വ്യാജമാണ്.
പണ്ട് രാജാക്കന്മാര് നായാട്ടിന്പോകുമ്പോള്‍ സര്‍വ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാന്മാരുടെ ഈ ധൂര്‍ത്ത്.
വിപ്ലവാഭിവാദ്യങ്ങള്‍.


