തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നേതൃത്വത്തിലുള്ള പരിശോധന ഇന്നും തുടരും.
നിക്ഷേപകരുടെ മൊഴി അധികൃതര്‍ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ മേലുദ്യോഗസ്ഥരുടെ അഭിപ്രായം തേടാനൊരുങ്ങുകയാണ് ഇഡി സംഘം.
ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ഭാസുരാംഗന് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇഡി ഉദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡ് നാല്‍പ്പതു മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്.
ഭാസുരാംഗന്റെ നിക്ഷേപങ്ങളിലെ രേഖകളില്‍ സംശയം തോന്നിയതിനാല്‍ മൂന്ന് ബാങ്ക് ഉദ്യോഗസ്ഥരെയും ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഭാസുരാംഗന്റെ മകന് അഖില്‍ജിത്തിനെ ഇഡി നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കണ്ടല സഹകരണ ബാങ്കിന്റെ മാറനല്ലൂരിലെ ബ്രാഞ്ചില്‍ വച്ച് ബാങ്കിലെ ജീവനക്കാര്‍ക്കൊപ്പമിരുത്തിയാണ് അഖില്‍ജിത്തിനെ ഇഡി ചോദ്യം ചെയ്തത്. ഇദ്ദേഹത്തിന്റെ കാറും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.