കോഴിക്കോട്: ഡിവൈഎഫ്ഐ 14–ാം സംസ്ഥാന സമ്മേളനത്തിന്റെ പതാക, കൊടിമര, ദീപശിഖാ റാലികള്‍ ശനിയാഴ്ച ആരംഭിക്കും. പതാകജാഥ കൂത്തുപറമ്ബ് രക്തസാക്ഷി ചത്വരത്തില്‍നിന്ന് ആരംഭിക്കും. മുന്‍ സംസ്ഥാന സെക്രട്ടറി എം വി ജയരാജന് ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന ട്രഷറര്‍ പി ബിജുവിന് പതാക കൈമാറും. നാദാപുരം ഷിബിന്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ദീപശിഖാ ജാഥ കേന്ദ്ര കമ്മിറ്റിയംഗം വി പി റെജീന നയിക്കും. മുന്‍ സംസ്ഥാന സെക്രട്ടറി എ പ്രദീപ്കുമാര്‍ എംഎല്‍എ ദീപശിഖ കൈമാറും. കൊടിമര ജാഥ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിക്കും. ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് കെ സജീഷിന് മുന്‍ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ കൊടിമരം കൈമാറും. മൂന്നു ജാഥകളും ശനിയാഴ്ച വൈകിട്ട് ആറിന് വടകര കോട്ടപ്പറമ്ബില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ മൂന്ന് ജാഥകളും വടകരയില്‍നിന്ന് പ്രയാണം ആരംഭിക്കും. നൂറു കണക്കിന് അത്ലറ്റുകളും ബാന്‍ഡ് വാദ്യവും ജാഥക്കൊപ്പമുണ്ടാകും. വൈകിട്ട് ആറിന് പൊതുസമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്ത് (ഫിദല്‍ കാസ്ട്രോ നഗര്‍) പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ സംഗമിക്കും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്മാന് പി മോഹനന് പതാക ഉയര്‍ത്തും.
തിങ്കളാഴ്ച രാവിലെ 10ന് രക്തസാക്ഷി നഗറില്‍(ടഗോര്‍ സെന്റിനറി ഹാള്‍) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി സായിനാഥ് ഉദ്ഘാടനം ചെയ്യും. അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ 623 പേര് സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധികളില്‍ 136 പേര് വനിതകളാണ്. സമ്മേളനത്തിന് സമാപനം കുറിച്ച് 14ന് വൈകിട്ട് നാലിന് ഫിദല്‍ കാസ്ട്രോ നഗറില്‍(കോഴിക്കോട് കടപ്പുറം) ലക്ഷം പേര് അണിനിരക്കുന്ന യുവജന റാലി നടക്കും. റാലി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി എന്നിവര്‍ സംസാരിക്കും.

