തിരുവനന്തപുരം: തലസ്ഥാനത്ത് കേരളകൗമുദി ഓഫീസില്‍ അക്രമം. അതിക്രമിച്ചുകയറിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും രാത്രിയില്‍ സ്ഥാപനത്തിന് തീ വയ്ക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു.ഇന്നലെ വൈകിട്ടോടെ കേരളകൗമുദിയുടെ പേട്ട ഓഫീസിലാണ് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ഇവര്‍ ഇരുചക്രവാഹനങ്ങളില്‍ രക്ഷപ്പെട്ടു.

മെഡിക്കല്‍ കോളേജ് നഴ്സിംഗ് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് കേരളകൗമുദി ഫ്ളാഷിലും ഓണ്‍ലൈനിലും നല്കിയ വാര്‍ത്ത പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അക്രമികളെത്തിയത്. റിസപ്ഷനില്‍ വന്ന് അസഭ്യം വിളിച്ച ഇവര്‍ റിസപ്ഷനിസ്റ്റ് ആര്.സുജിത് കുമാര്‍, സെക്യൂരിറ്റി അജയ്ചന്ദ്രന്‍ നായര്‍ എന്നിവരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. സമീപത്തുള്ള പാര്‍ട്ടി ഓഫീസില്‍ തന്നെ തങ്ങള്‍ ഉണ്ടാവുമെന്നും ഒരുജീവനക്കാരെയും വെറുതെവിടില്ലെന്നും ആക്രോശിച്ചിട്ടാണ് ഇവര്‍ ഇറങ്ങിപ്പോയത്.തുടര്‍ന്ന് പേട്ട പൊലീസ് കേസെടുക്കുകയും സ്ഥാപനത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.അന്വേഷണം പുരോഗമിക്കുന്നതായി പേട്ട എസ്.ഐ സജുകുമാര്‍ പറഞ്ഞു. കൂടുതല്‍ പേരുടെ മൊഴിയെടുത്തും സമീപത്തെ സി.സി.ടീ.വി ദൃശ്യങ്ങള്‍ പരിശോധിച്ചും വരികയാണെന്നും അദ്ദേഹം അറിയിച്ചു.


