തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകി.
ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്നും അവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും കെ ശിവൻകുട്ടി പരിഹസിച്ചിരുന്നു.


