തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശക്തമായ മഴയാണ് ഈ വര്‍ഷം എത്തിയത്. ഭൂരിഭാഗം ജില്ലകളും ഇപ്പോഴും വെള്ളക്കെട്ടിലായതോടെ വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളില്‍ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോടും മത്സ്യബന്ധന തൊഴിലാളികളോടും കാറ്റും മഴയും ശമിക്കുന്നതുവരെ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചു.
പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതിനാലും അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ജനങ്ങള്‍ പുഴയിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.


