സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സഭയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ കെ രമ. പ്രശ്നം ലാഘവത്തോടെ എടുക്കുകയാണ് സര്‍ക്കാറെന്ന് അവര്‍ ആരോപിച്ചു.കെ കെ രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രി സഭയിൽ എത്തിയില്ല, പകരം മന്ത്രി വീണാ ജോർജ് മറുപടി നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തിൽ സർക്കാരിന് ഒരു നിലപാട് മാത്രമെ ഉള്ളൂവെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ് മറുപടി നൽകി.
സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്നത് വീണ ജോര്‍ജാണ് എന്നതാണ് ഇതിന് ന്യായീകരണമായി ഭരണപക്ഷം ചൂണ്ടിക്കാട്ടിയത്. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പോക്സോ കേസിൽ പ്രതിയായ ആളെ കെസിഎയുടെ തലപ്പത്തേക്ക് കൊണ്ട് വന്നു. ഇയാളാണ് പെൺകുട്ടികൾക്കെതിരെ മോശമായി പെരുമാറിയത്. ഇടതുപക്ഷം ഭരിക്കുന്ന നാടാണിത്, നമ്പർ വൺ എന്ന് പറയുന്ന കേരളത്തിലാണ് ഇത് നടക്കുന്നതെന്ന് രമ പറഞ്ഞു. ഇരയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. പെൺകുട്ടികൾ പോക്സോ കോടതികൾ കയറിയിറങ്ങുന്നുവെന്നും രമ ആരോപിച്ചു.


