പാലക്കാട്: സ്പിരിറ്റ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് മുന്‍ സൈനികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആളെന്ന് പരാതി. അത്തിമണി അനിലിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇയാള്‍ തിരിച്ചറിഞ്ഞത്. ഇക്കാര്യം പൊലീസിലറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആരോപണം.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് കിഴക്കഞ്ചേരി സ്വദേശിയും സൈനികനുമായിരുന്ന ഷിബുവിന് നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. തന്നെ ആക്രമിച്ചത് അത്തിമണി അനിലും സംഘവുമാണെന്നാണ് ഷിബുവിന്റെ വെളിപ്പെടുത്തല്‍. അന്നത്ത ആക്രമണത്തില്‍ ബിജെപി പ്രവര്ത്തകന് കൂടിയായ ഷിബുവിന്റെ വലതുകാല്‍ നഷ്ടപ്പെട്ടു. കൈകകള്‍ക്കും ശരീരാഭാഗങ്ങള്‍ക്കും ഗുരുതരമായി മുറിവേറ്റു. സ്പിരിറ്റ് കേസില്‍ പിടിയിലായ അനിലിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഷിബു ആളെ തിരിച്ചറിഞ്ഞത്.
തന്നെ ആക്രമിച്ചവരല്ല അന്ന് അറസ്റ്റിലായതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ഷിബു പറയുന്നു. കണ്ണമ്പ്രയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് മണികണ്ഠന് നേര്‍ക്കുണ്ടായ വധശ്രമത്തിന് പുറകിലും അനിലാണെന്ന് ബിജെപി ആരോപിക്കുന്നു.
ജനതാദള്‍ പ്രവര്ത്തകന് സിനീഷ് ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടത് സമാന രീതിയിലാണ്. അനിലിന്റെ സാമ്പത്തിക ശ്രോതസും ക്വട്ടേഷന്‍ ഇടപാടുകളും അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. നേരത്തെ ലോക്കല്‍ കമ്മിറ്റി അംഗം ബ്രാഞ്ച് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അനിലിനെ സ്പിരിറ്റ് കേസില്‍ അറസ്റ്റിലായ ശേഷം സിപിഎം പുറത്താക്കിയിരുന്നു.


