കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ച നവജാതശിശുവിന്റെ ചികിത്സയുടെ ആദ്യഘട്ടം വിജയകരം. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മന്ത്രി കെ.കെ. ഷൈലജയുടെ ഇടപെടലിനെ തുടർന്നാണ് കുഞ്ഞിനെ ഇന്നലെ പുലർച്ചെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്.

മലപ്പുറം എടക്കര സ്വദേശികളായ ഷാജഹാൻറെയും ജംഷീലയുടെയും രണ്ടു ദിവസം പ്രായമായ കുഞ്ഞിനെയാണ് വിദഗ്ദ്ധ ചികിത്സക്കായി പെരിന്തൽ മണ്ണയിൽ നിന്ന് കൊച്ചിയിലെത്തിച്ചത്. ഹൃദയത്തിനും ശ്വാസകോശത്തിനും തകരാർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് കുഞ്ഞിനെ പുലർച്ചെ തന്നെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു. ത്രീവ്രപരിചരണവിഭാഗത്തിലാക്കി കുട്ടിയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴൽ സ്റ്റെന്റ് മുഖേന വികസിപ്പിച്ചു. ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴൽ ഇല്ലാത്തതതായിരുന്നു കുട്ടിയുടെ പ്രധാന പ്രശ്നം. ഇതോടെ ചികിത്സയുടെ ആദ്യഘട്ടം വിജയകരമായതായി ഡോക്ടർമാർ അറിയിച്ചു.


