കൊച്ചി: വന്ദേഭാരത് എക്സ്പ്രസിൽ വിദ്യാർഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചതിൽ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ കെ.പി ഡിന്റോ.
വിവാദം ഉണ്ടായതോടെ കുട്ടികൾ ആശങ്കയിലാണ്. രക്ഷാകർത്താക്കൾ വിളിച്ചുകൊണ്ടിരിക്കുകയാണ്. സൈബർ ആക്രമണം രൂക്ഷമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു. വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് ചോദിച്ചത് വിഷമം ഉണ്ടാക്കിയെന്നും സ്കൂൾ പ്രിൻസിപ്പൽ പറയുന്നു.
‘ഏതോ ലോക്കല്‍ മീഡിയക്കാരാണ് കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞത്. ആദ്യം കുട്ടികള്‍ വന്ദേമാതരം പാടി.അതുകഴിഞ്ഞപ്പോള്‍ മലയാളം പാട്ട് പാടാന്‍ പറഞ്ഞു.ആ സമയത്താണ് കുട്ടികള്‍ ഗണഗീതം പാടിയതെന്നും പ്രിന്‍സിപ്പല്‍ മീഡിയവണിനോട് പറഞ്ഞു. ഗണഗീതം സ്കൂളില്‍ പഠിപ്പിക്കുന്നതിൽ എന്താണ് തെറ്റ്, കുട്ടികൾ പാടിയത് ദേശഭക്തി ഗാനമാണ്’. നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന ഗാനവും താന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഡിന്റോ പറഞ്ഞു.


