പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട:ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. സന്നദ്ധ സംഘടന നല്കിയ പരാതിയിലാണ് സി എന്‍ രാമചന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്. ഇമ്പ്ലിമെന്റിങ് ഏജന്‍സയായ അങ്ങാടിപ്പുറം കെഎസ്എസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്.
എന്‍ജിഒ ഫെഡറേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതിലാണ് ജ. സി എന്‍ രാമചന്ദ്രന് നായരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തത്. ചാരിറ്റി സംഘടനയായതിനാലാണ് സംഘടനയുടെ ഉപദേശകസ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ ഉപദേശകസ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് ആനന്ദ് കുമാറിനോട് താന്‍ അഭ്യര്‍ത്ഥിച്ചെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് പറഞ്ഞു.
അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് എംപിമാര്‍ക്ക് സമ്മാനപ്പൊതിയെന്ന ഓമനപ്പേരില്‍ 45 ലക്ഷത്തോളം രൂപ അനന്തുകൈമാറിയെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്. ചില പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ക്ക് ഒറ്റത്തവണയായി അനന്തു 25 ലക്ഷം രൂപയിലേറെ നല്‍കിയെന്നും രേഖയുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


