ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടത്തിലെ വിശദീകരണത്തില്‍ മലക്കം മറിഞ്ഞ് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാര്‍ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നുവെന്നു അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിൻ്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാൽ, പൊതുസമൂഹത്തിൽ, പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ, ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു.’ ശിവൻകുട്ടി തുടർന്നു.


