തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. പദവി സ്ഥിരീകരിച്ച ജയകുമാർ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത ഉണ്ടാകുമെന്ന് പ്രതികരിച്ചു.
വന്ന് തൊഴുതു പോകുന്ന ഭക്തന്മാർക്ക് വളരെ സന്തോഷകരമായ ദർശനം ലഭിക്കണം. അതിന് വേണ്ട സാഹചര്യം ഒരുക്കണം. ശബരിമലയിലെ ക്രമീകരണങ്ങൾ സൂതാര്യമായ രീതിയിലേക്ക് പോകുമ്പോൾ വന്ന് പോകുന്നവർക്ക് തൃപ്തി ലഭിക്കും. അതിനാണ് പ്രാധാന്യം നൽകുകയെന്ന് കെ ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് സ്ഥാനം ഒരു മുൾ കിരീടം പോലെയാണെന്ന ചോദ്യത്തിന് എല്ലാ കിരീടത്തിലും മുള്ള് ഉള്ളാതായി കണുന്നില്ലെന്നും നമ്മൾ വെക്കുന്നതുപോലെയിരിക്കുമെന്നും അദേഹം പറഞ്ഞു.
നാളെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് സൂചന. മുൻ മലയാളം സർവകലാശാല വൈസ് ചാൻസലരും നിലവിൽ ഐഎംജി ഡയറക്ടറുമാണ് ജയകുമാർ. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന് കാലാവധി നീട്ടി നൽകാൻ വിജ്ഞാപനമുറക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. പാർട്ടി നേതാക്കളെ ചുമതല ഏൽപ്പിച്ചാൽ വീണ്ടും വിവാദങ്ങൾ ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞാണ് ജയകുമാറിലേക്ക് സിപിഎം എത്തിയത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടക്കാം എന്നും ജയകുമാറിനെ തീരുമാനിച്ചതിനുപിന്നിലുണ്ട്.


