ആവശ്യങ്ങൾ തള്ളിയതിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് മറുപടിയുമായി ബസുടമകൾ. വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിക്കാൻ സമയം വേണമെന്ന് മന്ത്രിയുടെ നിലപാട് ശരിയല്ല. പതിനൊന്ന് വർഷമായുള്ള ആവശ്യമാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബസുടമകൾ പറയുന്നു. രണ്ട് കമ്മീഷനുകളെ ആണ് ഈ വിഷയത്തിൽ മുൻപ് നിയോഗിച്ചിരുന്നത്. 11 വർഷമായി ഉള്ള ബസ് ഉടമകളുടെ ആവശ്യമാണ്. ഇത് അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ബസുടമകൾ പറയുന്നു.
പോക്സോ കേസ് ഉള്ളവരെയും ഗുരുതര കുറ്റകൃത്യങ്ങൾ ഉള്ളവരെയും മാറ്റിനിർത്തുന്നതിൽ ബുദ്ധിമുട്ടില്ല. അല്ലാതെ ചെറിയ കേസുള്ള തൊഴിലാളികളെ മാറ്റിനിർത്തൽ പ്രായോഗികമല്ലെന്നും ബസ് ഉടമകളെ സമരത്തിലേക്ക് തള്ളിവിടുകയാണെന്നും സംയുക്ത സമര സമിതി നേതാക്കൾ പറഞ്ഞു.
കൺസഷൻ വർധിപ്പിക്കാനാവില്ലെന്നാണ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞത്. കൺസഷൻ വർദ്ധനവ് സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചു. അത് പരിശോധിച്ച ശേഷം വിദ്യാർത്ഥി സംഘടനകളെ ചർച്ചക്ക് വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഒഴിവാക്കാൻ സാധിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. അവർ സമരം ചെയ്യട്ടെ. നഷ്ടത്തിൽ ഓടുന്ന വണ്ടികൾ ഒതുക്കിയിടാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ച പരിശോധിക്കും. നഷ്ടം സഹിച്ച് ആർക്കും വണ്ടി ഓടനാവില്ലെന്നും മന്ത്രി പറഞ്ഞു.