സംസ്ഥാനത്ത് വയോജന, ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ വയോജനങ്ങളുടെയും ഭിന്നശേഷി വിഭാഗങ്ങളുടെയും ക്ഷേമത്തിനായി 1178.19 കോടി രൂപ ചെലവഴിച്ചുവെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് അറിയിച്ചു. നാല് വര്‍ഷം കൊണ്ടാണ് ഇത്രയധികം തുക ചെലവഴിച്ചത്. ഇതില്‍ 397.25 കോടി രൂപ വയോജനങ്ങള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ക്കും ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി 377.42 കോടി രൂപയും പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍ക്കായി 281.22 കോടി രൂപയുമാണ് ചെലവഴിച്ചത്. ഇതു കൂടാതെ കുടുംബശ്രീ മുഖേന 121.67 കോടി രൂപയുടെ പ്രത്യേക പദ്ധതികളും നടപ്പിലാക്കി. 2011 -16 കാലയളവില്‍ 579.30 കോടി രൂപ മാത്രമായിരുന്നു ഈ മേഖലയില്‍ ആകെ ചെലവഴിച്ചത്. പദ്ധതി നടത്തിപ്പില്‍ വയോജനങ്ങള്‍, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കുന്നതിനായി പദ്ധതി മാര്‍ഗ്ഗരേഖയില്‍ ഈ സര്‍ക്കാര്‍ ആവശ്യമായ മാറ്റം വരുത്തിയിരുന്നു. ഇതു പ്രകാരം ശിശുക്കള്‍, ഭിന്നശേഷി വിഭാഗങ്ങള്‍ക്കും വയോജനങ്ങള്‍ പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍ക്കുമായി പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനം വീതം വകയിരുത്തണം എന്ന നിബന്ധന ഉള്‍പ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഇനത്തില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 287 കോടി രൂപയാണ് ചെലവഴിച്ചത്.
എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതു 147 കോടി രൂപ മാത്രമായിരുന്നു. സ്കോളര്‍ഷിപ്പിന്റെ ആനുകൂല്യം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് സാധിച്ചു. 2011-16 കാലയളവില്‍ 1.35 ലക്ഷം പേര്‍ക്കായിരുന്നു സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നതെങ്കില്‍ ഇന്നത് 1.83 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. അന്‍പതിനായിരം പേര്‍ക്കാണ് ഈ വിഭാഗത്തില്‍ അധിക സാമ്പത്തിക പിന്തുണ ലഭിച്ചത്. ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെ വിതരണത്തിനായി കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 15.28 കോടി രൂപയാണ് ചെലവഴിച്ചത്. 2011-16 കാലയളവില്‍ ഇത് കേവലം 8.35 കോടി രൂപ മാത്രമാ യിരുന്നു. പാലിയേറ്റീവ് മേഖലയില്‍ 281.22 കോടി രൂപയാണ് ഈ സര്‍ക്കാര്‍ ചെലവഴിച്ചത്. 2011-16 കാലയളവില്‍ 104 കോടി രൂപമാത്രമാണ് ഈ മേഖലയില്‍ ചെലവാക്കിയത്. വയോജന സൗഹൃദ പഞ്ചായത്തുകള്‍ എന്ന ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് തദ്ദേശ ഭരണ തലത്തില്‍ നടപ്പാക്കിയത്. അന്‍പത്തിരണ്ട് വൃദ്ധസദനങ്ങളും 638 പകല്‍ വീട്/ വയോക്ലബ്ബുകളും കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 27 കോടി രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വയോജന ആശ്രിതത്വ അനുപാതവും ജീവിതശൈലീ രോഗങ്ങളും കൂടുന്നതിന്റെ ഫലമായി സ്വാന്തന പരിചരണം ആവശ്യമുള്ളവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. 4.53 ലക്ഷം ആളുകള്‍ക്കാണ് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് സ്വാന്തന പരിചരണം ലഭ്യമാക്കിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്തിനേക്കാള്‍ 1.22 ലക്ഷം അധികമാളുകള്‍ക്ക് സ്വാന്തന പരിചരണ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി 25,000 ത്തിലധികം പ്രത്യേക അയല്‍ക്കൂട്ടങ്ങളും 3,000 ത്തിലധികം ഭിന്നശേഷി അയല്‍ക്കൂട്ടങ്ങളും ഇക്കാലയളവില്‍ രൂപീകരിച്ചിട്ടുണ്ട്. 89.51 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടായി വയോജന അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയോജിതമായി ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്കായി ആരംഭിച്ച ബഡ്സ് സ്കൂളുകളിലൂടെ ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് മെച്ചപ്പെട്ട മാനസിക കായിക പരിശീലനങ്ങള്‍ നല്കി വരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 53 ബഡ്സ് സ്കൂളുകളും 63 ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും ആരംഭിച്ചു. 32.16 കോടി രൂപയാണ് ബഡ്സ് സ്ഥാപനങ്ങള്‍ക്കായി ഇക്കാലയളവില്‍ ചെലവഴിച്ചത്.


