വയനാട് മൂലങ്കാവ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥിന് ക്രൂരമർദനമേറ്റ സംഭവത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ സ്മിത.സംഭവത്തിൽ അഞ്ച് പേർക്ക് സസ്പെൻഷൻ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സമ്മർദം വന്നുവെന്നും സ്മിത ആരോപിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ആദ്യം നൂൽപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നാലെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുൽത്താൻബത്തേരി പോലീസ് എത്തി വിദ്യാർഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ശബരിനാഥ്. അതേസമയം രാത്രിയിൽ വന്ന ഡ്യൂട്ടി ഡോക്ടർ മതിയായ ചികിത്സ നൽകാൻ തയാറായില്ലെന്നും പരിക്ക് ഗുരുതരമായിട്ടും ഡിസ്ചാർജ് ചെയ്യാൻ സമ്മർദ്ദപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു.


