തൊടുപുഴ: കുമാരമംഗത്ത് 7 വയസ്സുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദ്, രാത്രികാലങ്ങളിൽ യുവതിയുമായി നടത്തിയിരുന്ന യാത്രകളെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ലഹരി മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള അരുൺ ആനന്ദ്, ലഹരി വസ്തുക്കൾ കൈമാറുന്നതിനു യുവതിയെ മറയാക്കിയിരുന്നോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുണിന്റെ കാറിനുള്ളിൽ നിന്നു കണ്ടെടുത്ത വസ്തുക്കളും സംശയം വർധിപ്പിച്ചിട്ടുണ്ട്.

കാറിലായിരുന്നു അരുണിന്റെയും യുവതിയുടെയും യാത്രകൾ. രണ്ടു മക്കളെയും രാത്രി വീട്ടിൽ തനിച്ചാക്കി, വീടു പൂട്ടിയ ശേഷം രാത്രി 11 മണിയോടെയാണ് യുവതി, അരുണിനൊപ്പം പുറത്തിറങ്ങുക. പുലർച്ചെ 5 മണിയോടെയാണു ഇരുവരും തിരിച്ചെത്തുക. ഈ സമയം അരുൺ മദ്യപിച്ച് അവശനായ നിലയിലായിരിക്കും. യുവതിയാണു ഡ്രൈവ് ചെയ്യുക. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ നഗരത്തിൽ നടത്തിയ പട്രോളിങ്ങിനിടെ പലപ്പോഴും ഇവരെ കണ്ടിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
കാറിനുള്ളിൽ നിന്നു പുതിയ മഴുവും മദ്യക്കുപ്പിയും, ഡിക്കിയിൽ നിന്നു 2 വലിയ പ്രഷർ കുക്കറും ബക്കറ്റും പാറക്കല്ലുകളും പൊലീസ് കണ്ടെടുത്തിരുന്നു. കാറിനുള്ളിൽ മഴു സൂക്ഷിച്ചിരുന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കാറിനുള്ളിൽ കണ്ടെത്തിയ രക്തക്കറ ഫൊറൻസിക് വിഭാഗം ശേഖരിച്ചിട്ടുണ്ട്. തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണു കാർ.


