പൊലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി വിവേചനമെന്ന് കാണിച്ച് പൊലീസിൽ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ പരാതി നൽകിയത്.നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു.
കേരളം സർവകലാശാലയിലെ ജാതി അധിക്ഷേപം നിർഭാഗ്യകരമായ സംഭവമെന്നും അന്വേഷണം നടത്തുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി. അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണിത്. ഒരു കുട്ടിയോടും അധ്യാപകർ ഈ നിലയിൽ പെരുമാറാൻ പാടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല അത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സർവകലാശാലയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.


