സമസ്തയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് വില വരുന്ന മരങ്ങൾ മുറിച്ചുമാറ്റിയതിൽ അന്വേഷണത്തിന് സംഘടന. വിശദമായ അന്വേഷണം നടത്തുമെന്ന് സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ പ്രതികരിച്ചു.
സമസ്ത നൂറാം വാർഷിക ഉപഹാരമായി സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി വിഭാവനം ചെയ്ത ആക്സസ് പദ്ധതി മേഖലയിൽ നിന്നാണ് മരം മുറിച്ചു മാറ്റിയത്. അട്ടപ്പാടി ചാരിറ്റബിൾ സർവീസസ് ആൻഡ് എജുക്കേഷണൽ സൊസൈറ്റിക്കായി വാങ്ങിയ അഞ്ചരയേക്കർ സ്ഥലത്തുനിന്ന് തേക്ക്, വീട്ടി ഉൾപ്പെടെയുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ചു കടത്തിയത്. സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥലത്തുനിന്ന് ബോർഡ് പ്രസിഡണ്ടോ കമ്മിറ്റിയോ അറിയാതെയാണ്, സ്ഥലം സൂക്ഷിക്കാൻ ചുമതലപ്പെടുത്തിയവർ മരം മുറിച്ചു വിറ്റത്. ഈ വിഷയത്തിലാണ് സമസ്ത വിശദമായ അന്വേഷണം നടത്തുന്നത്.