മണ്ണാർക്കാട് ആശുപത്രി നിക്ഷേപ തട്ടിപ്പിനിരയായ യുവതിയെയും മകനെയും ഉടമകൾ പൂട്ടിയിട്ടതായി പരാതി. ഉടമയെ അന്വേഷിച്ച് വീട്ടിലെത്തിയ യുവതിയെ മണിക്കൂറുകളോളം പൂട്ടിയിട്ടു. ഏതാനും മണിക്കൂറുകൾക്ക് ശേഷം പോലീസ് അകമ്പടിയോടെയാണ് ഇവരെ പുറത്തെത്തിച്ചത്.
ഒരു വ൪ഷം മുമ്പാണ് മണ്ണാ൪ക്കാട് കുന്തിപ്പുഴയോരത്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാൻ 20 കോടിയോളം രൂപ പലരിൽ നിന്നായി വാങ്ങിയത്. കെട്ടിടം പണിതെങ്കിലും ആശുപത്രിയുടെ പ്രവ൪ത്തനം ആരംഭിച്ചില്ല. ഇതോടെ പണം കൊടുത്ത അൻപതിലേറെ പേ൪ വിആർ ആശുപത്രി ഉടമ സി.വി റിഷാദിനെതിരെ പൊലീസിൽ പരാതിയും നൽകി. പൊലീസ് കേസെടുത്തതോടെ ഉടമ ഒളിവിൽ പോയി.
പോലീസും ഇരകളും ഉടമകൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ കബളിപ്പിക്കപ്പെട്ട യുവതിയും മകനും ഇന്നലെ രാത്രി കുമരംപുത്തൂരിലെ ഒരു വീട്ടിലെത്തി. റിഷാദ് സ്ഥലത്ത് ഉണ്ടോ എന്ന് അറിയാനായിരുന്നു യുവതിയെത്തിയത്. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഉടമയുടെ ബന്ധു യുവതിയെയും മകനെയും ബലം പ്രയോഗിച്ച് മുറ്റത്തേക്ക് കയറ്റി ഗേറ്റടച്ചുവെന്നാണ് പരാതി.