ലഹരിക്കേസില്‍ പിടിയിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന് ജാമ്യം. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 8 ആണ് ജാമ്യം അനുവദിച്ചത്. ഓംപ്രകാശിന് ഒപ്പം പിടികൂടിയ ഷിഹാസിനും ജാമ്യ അനുവദിച്ചു. അതേസമയം, കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമ താരങ്ങളുടെ പേരുമുണ്ടെന്ന റിപ്പോര്‍ട്ട് കൂടി പുറത്തു വന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് നേരത്തെ ഹേമാ കമ്മറ്റി റിപ്പോർട്ടിൽ അടക്കം പരാമർശമുണ്ടായിരുന്നു. പല താരങ്ങൾക്കെതിരെയും ലഹരി ഉപയോഗിച്ചുവെന്ന ആരോപണമുണ്ട്. ചിലർക്കെതിരെ കേസുകളുമുണ്ട്. എഫ് ഐ ആറിൽ പേരുളള നടൻ ശ്രീനാഥ് ഭാസി കൊച്ചിയിലുണ്ടെങ്കിലും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പ്രയാഗ മാർട്ടിൻ എവിടെയാണെന്നതിൽ വ്യക്തതയില്ലെന്നാണ് വിവരം.
എന്നാല്‍, താരങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ലഹരിക്കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നില്ല. അതേസമയം, ഇരുവര്‍ക്കും കേസില്‍ പങ്കുണ്ടോയെന്നും അവര്‍ എന്തിന് വേണ്ടിയാണ് ഇയാളുടെ മുറിയിലേക്ക് എത്തിയതെന്നും അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ സണ്‍ബേണ്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ ലഹരി വസ്തുവായ കൊക്കെയ്ന്‍ വിതരണം ചെയ്യാനാണ് ഓംപ്രകാശ് കൊച്ചിയിലെത്തിയതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ ഉണ്ട്. ഓം പ്രകാശിന്റെതുള്‍പ്പടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


