തൊടുപുഴ:അങ്കമാലി -എരുമേലി റെയില്‍വേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കണമെന്നും പദ്ധതി നിര്‍മ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാര്ലിമെന്റ്മണ്ഡലങ്ങളിലെ എം. പി മാരായ ബെന്നി ബെഹനാന്, ആന്റോ ആന്റണി,ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നല്കി.
സംസ്ഥാന സര്‍ക്കാര്‍ അങ്കമാലി – എരുമേലി റെയില്‍വേയൂടെ പകുതി ചിലവ് വഹിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എം. പി മാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ് അങ്കമാലി -ശബരി റെയില്‍വേ പദ്ധതിയൂടെ നിര്‍മ്മാണം അനിശ്ചിതത്തില്‍ തുടരുന്നത് എന്ന് റെയില്‍വേ മന്ത്രി മറുപടി പറഞ്ഞു. സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കാത്തതും സംസ്ഥാനത്തിന്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. എന്തു വിട്ടുവീഴ്ച്ച ചെയ്തും അങ്കമാലി – ശബരി പദ്ധതി നടപ്പിലാക്കണമെന്നും അതിനായി പരിപൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്നും എംപിമാര്‍ അറിയിച്ചു. അങ്കമാലി -എരുമേലി നിര്‍മ്മാണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെയും എം. പി മാരെയും പങ്കെടുപ്പിച്ചു മീറ്റിംഗ് വിളിച്ചു ചേര്‍ക്കാമെന്ന് എം.പി മാര്‍ക്ക് റെയില്‍വേ മന്ത്രി ഉറപ്പ് നല്കി.