കണ്ണൂര്‍: ക്ഷേത്രത്തിന് അകത്ത് ഷര്‍ട്ട് ധരിച്ച് പുരുഷന്‍ന്മാര്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് തന്ത്രിസമാജം. ക്ഷേത്രചിട്ടകള്ക്കും ആചാരങ്ങള്‍ക്കും തന്ത്രശാസ്ത്ര താത്പര്യങ്ങള്‍ക്കും വിരുദ്ധമായ സമീപനം ദേവചൈതന്യ ലോപത്തിന് ഇടയാക്കുമെന്ന് സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ഇതുസംബന്ധിച്ച് അഖിലകേരള തന്ത്രിസമാജം ഉത്തരമേഖലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തു.

കുപ്പായം ധരിച്ച് പുരുഷന്മാര്ക്ക് ക്ഷേത്രത്തിലും ശ്രീകോവിലിലും പ്രവേശിക്കാന്‍ അനുവാദം വേണമെന്ന് തൃശ്ശൂര്‍ സ്വദേശി കെ ജി അഭിലാഷ് ദേവസ്വം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ കൈമാറി. വിഷയത്തില്‍ തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്രഭരണാധികാരികള്‍ മുഖേന ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തന്ത്രിസമാജം യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.


