കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലേക്കു മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ പ്രതിയായ ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഫൈസലിന് കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അബൂബക്കറുമായി ബന്ധമുണ്ടെന്നാണു നിഗമനം.
ദോഹയിലായിരുന്ന ഫൈസല്‍ എന്‍ഐഎ നിര്‍ദേശപ്രകാരമാണ് കൊച്ചിയിലെത്തിയത്. ഫൈസല്‍ ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ ദിവസം എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കാസര്‍കോട് കളിയങ്ങാട് പള്ളിക്കല്‍ മന്‍സിലില്‍ പി.എ. അബൂബക്കര്‍ സിദ്ദിഖ് (അബു ഈസ-28), കാസര്‍കോട് എരുത്തുംകടവ് വിദ്യാനഗര്‍ സിനാന് മന്‍സിലില്‍ അഹമ്മദ് അറഫാത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തിനുശേഷം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം കാസര്‍കോട് സ്വദേശി റിയാസ് അബൂബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നാണ് ഫൈസലിനെക്കുറിച്ച് അന്വേഷണ സംഘത്തിനു വിവരങ്ങള്‍ ലഭിച്ചത്. ഓച്ചിറ ചങ്ങന്‍കുളങ്ങരയിലെ ഫൈസലിന്റെ വീട്ടില്‍ എന്‍ഐഎ നേരത്തേ പരിശോധന നടത്തിയിരുന്നു.


