തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എം.ഡിയായി എം.പി ദിനേശ് ചുമതലയേറ്റു. രാവിലെ കെ.എസ്.ആര്.ടി.സി ആസ്ഥാനത്തെ ചീഫ് ഓഫീസിലെത്തിയാണ് സ്ഥാനം ഏറ്റെടുത്തത്. കോര്‍പ്പറേഷനിലെ എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്നും കാലാവധി ഒരു പ്രശ്നമായി കാണുന്നില്ലെന്നും ചുമതലയേറ്റ ശേഷം എം.പി ദിനേശ് പറഞ്ഞു. രാവിലെ ഓഫീസിലെത്തിയ പുതിയ എം.ഡിയെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു.
ചുമതലയേറ്റ എം.പി ദിനേശ് തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് സംസാരിച്ചു. മുൻധാരണകളില്ല, എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകും. കാലാവധി ഒരു പ്രശ്നമായി കാണുന്നില്ല. കെ.എസ്.ആര്.ടി.സി പ്രതിസന്ധി മറികടക്കാൻ ദീർഘകാല പദ്ധതികളുമായി മുന്നോട്ട് പോകാൻ പുതിയ എം.ഡിയ്ക്ക് സമയം കുറവാണ്. വിരമിച്ച ശേഷവും എം.ഡി സ്ഥാനത്ത് തുടരണമെങ്കിൽ സർക്കാർ കനിയണം. ടോമിൻ ജെ. തച്ചങ്കരി തുടങ്ങി വെച്ച പരിഷ്കാരങ്ങൾ എം.പി ദിനേശ് തുടരണമെങ്കിൽ അത് അത്രവേഗം നടന്നേക്കില്ല. തൊഴിലാളി സംഘടനകളെ ശത്രുപക്ഷത്ത് നിർത്തിയുള്ള നടപടികൾ തുടരാനുള്ള സാധ്യത കുറവാണ്.

