തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് റെയിൽവേ പൊലീസ്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് റെയിൽവേ പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും ഇയാളാണ്.
ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്പ്പെടുത്തുകയും പിന്നീട് റെയില്‍വെ പൊലീസിന് കൈമാറുകയും ചെയ്തത്. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.
പെണ്‍കുട്ടിയെ തള്ളിയിട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്ന സുഹൃത്തായ പെണ്‍കുട്ടിയെയും തള്ളിയിടാൻ അക്രമി ശ്രമിച്ചിരുന്നു. ഇതിനിടയിൽ ചുവന്ന ഷര്‍ട്ടു ധരിച്ചയാളാണ് ഈ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് വീഴാതെ രക്ഷിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിൽ അറിയിക്കാനാണ് നിര്‍ദേശം.
കഴിഞ്ഞദിവസം ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് അടിയന്തര ഇടപെടൽ നടത്തിയ വ്യക്തിയെ കണ്ടെത്തിയത്. പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതും സിസിടിവിയിൽ വ്യക്തമാണ്.


