പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തു ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയത്തോടെയാണ് കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഘോഷയാത്ര രാവിലെ 10 ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തും.
പഴമയുടെ വീണ്ടെടുപ്പിലേക്കുള്ള പുതു തലമുറയുടെ മടക്കയാത്ര കൂടിയാണ് ഓരോ ഓണവും. പതിവുപോലെ തുമ്പയും കാക്കപ്പൂവും തൊട്ടാവാടിയുമൊക്കെ എവിടെയൊക്കയോ പ്രതീക്ഷകളുണർത്തി തലപൊക്കുന്നുണ്ടാവാം.മലയാളികള്‍ക്ക് ഓണം എന്നത് ഐശ്വര്യത്തിന്റെയും ഐക്യത്തിന്റേയും ആഘോഷമാണ്. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കും.
കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്ക് ഇനിയുള്ള നാളുകളില്‍ ഡിസൈനുകളാകും. ചിങ്ങത്തിലെ അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള് വരെ നീണ്ടു നില്ക്കും. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.


