കൊച്ചി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സുരക്ഷയിലാണ്. തിരുവാഭരണത്തിനു കൂടുതല്‍ സുരക്ഷ ആവശ്യമെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ വേണ്ടതു ചെയ്യുമെന്നും ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില് പന്തളം രാജകുടുംബത്തിന് എങ്ങനെ അവകാശവാദം ഉന്നയിക്കാനാകുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചിരുന്നു. തിരുവാഭരണം സ്വാമി അയ്യപ്പനു സമര്പ്പിച്ചതല്ലേയെന്നും തിരുവാഭരണം ഇപ്പോള്‍ സുരക്ഷിതമാണോയെന്നും ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
സ്വാമി അയ്യപ്പന്റെ ആഭരണങ്ങളും മറ്റും സൂക്ഷിക്കേണ്ടത് സംസ്ഥാന ട്രഷറിയിലാണെന്നും തിരുവാഭരണം ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയതിനുശേഷം അറിയിക്കാമെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു.


