ന്യൂഡെല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 65 ഹർജികൾ സുപ്രിം കോടതി ഉത്തരവ് പറയാൻ മാറ്റി. വിധിയിൽ തെറ്റുണ്ടെന്നും സ്ത്രീ പ്രവേശന വിലക്കിന് അയിത്തവുമായി ബന്ധമില്ലെന്നും എന്‍.എസ്.എസ് വാദിച്ചു. സ്ത്രീ പ്രവേശനം യുക്തി കൊണ്ട് അളക്കാൻ ശബരിമല ശാസ്ത്ര മ്യൂസിയമല്ലന്നും ക്ഷേത്രമാണെന്നും വാദമുയർന്നു. പുനപരിശോധന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്നും തന്ത്രിയുടെ വാദം വ്യഖ്യാനമാണെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. മുൻ നിലപാട് തിരുത്തി ദേവസ്വം ബോർഡും സർക്കാരിനൊപ്പം സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ചു. സെപ്റ്റംബർ 28 ലെ വിധി എന്തുകൊണ്ട് പുനപരിശോധിക്കണം എന്നതിൽ ഊന്നിയായിരിക്കം വാദം എന്ന് അഭിഭാഷകര്‍ക്ക് തുടക്കത്തിലേ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്‍.എസ്.എസിനു വേണ്ടിയുള്ള മുതിര്‍ന്ന അഭിഭാഷകന് കെ. പരാശരന്റെ വാദത്തോടെയായിരുന്നു തുടക്കം. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതിലും 25 ആം അനുച്ഛേദപ്രകാരമുള്ള മൌലികാവകാശങ്ങള്‍ പരിഗണിക്കുന്നതിലും കോടതിക്ക് പിഴച്ചു. യുവതീ വിലക്ക് അയിത്തവും തൊട്ടുകൂടായ്മയും അല്ല. ഒരാളെ മനുഷ്യനെന്ന് പരിഗണിക്കാതെ കൈകാര്യം ചെയ്യുന്നതാണ് അയിത്തമെന്ന് എന്‍.എസ്.എസ് അഭിഭാഷകന് ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ അവരുടെ അവകാശം സംബന്ധിച്ച് ഈ വാദം ഉണ്ടാക്കുന്ന തോന്നലെന്താണെന്ന് ജസ്റ്റിസ് ആര്.എഫ് നരിമാന് ഈ സമയം തിരിച്ചുചോദിച്ചു. മുന്‍ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വിയും സുപ്രീം കോടതി വിധിയില്‍ തെറ്റുണ്ട് എന്നതില്‍ ഊന്നി വാദിച്ചു. സർക്കാര്‍ നിലപാടിനോടു യോജിച്ച് ശബരിമലയിലെ യുവതീപ്രവേശത്തെ പിന്തുണയ്ക്കുകയായിരുന്നു ദേവസ്വം ബോർഡ്. ആർത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനിൽപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് വാദിച്ചു. മുന്‍ നിലപാട് തിരുത്തിയോ എന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ചോദ്യത്തിന് കോടതി വിധി പറഞ്ഞതോടെ തിരുത്തി എന്ന് അഭിഭാഷകന് മറുപടി നല്കി. സന്നിധാനത്തില്‍ പ്രവേശിച്ച യുവതികളായ ബിന്ദുവിനും കനദുര്ഗ്ഗക്കും ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷക ഇന്ദിര ജയ്സിംഗ് ചൂണ്ടിക്കാട്ടി. ആദ്യം ആര് വാദം പറയുമെന്നതില്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം മൂത്തത് കോടതിയുടെ ഇടപെടലിനും താക്കീതിനും ഇടയാക്കി.

