പീരുമേട്: മാര്‍പാപ്പയുടെ ചരിത്ര സന്ദര്‍ശനത്തിന്റെ ഭാഗമാകാന്‍ ആയ സന്തോഷത്തിലാണ് ഇടുക്കി പീരുമേട് സ്വദേശി. ആദ്യ യു.എ.ഇ. സന്ദര്‍ശനത്തിന്റെ അടയാളം തയാറാക്കിയത് പീരുമേട് സ്വദേശിയായ ക്രീയേറ്റിവ് ഡിസൈനര്‍ പ്രവീണ്‍ ഐസക്. സമാധാനത്തിന്റെ പ്രതീകമായ പ്രാവാണ് ലോഗോയുടെ പ്രമേയം. പറന്നുയരുന്ന പ്രാവിന്റെ കൊക്കില്‍ ഒലിവ് ചില്ല, ചിറകുകളില്‍ യു.എ.ഇ.യുടെ പതാകയുടെ നിറങ്ങള്‍ ഒപ്പം പോപ് ഫ്രാന്‍സിസ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും. ഇവ പ്രവീണ്‍ കോര്‍ത്തിണക്കിയപ്പോള്‍ ലളിതമായ ലോഗോ കൂടുതല്‍ ഭംഗിയുള്ളതായി. പാമ്പനാര്‍ അടിച്ചിക്കാട്ടില്‍ വീട്ടില്‍ പരേതനായ തമ്പിയുടെയും തങ്കമ്മയുടെയും മകനായ പ്രവീണ്‍ ഇപ്പോള്‍ വാഴൂര്‍ പത്താം മൈലിലാണ് താമസം. ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായില്‍ ജോലി ചെയ്തിരുന്നു.
പതിനൊന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ വികാരിയത്ത് ഓഫ് സൌദിഅറേബ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് വികാരിയത്ത് ഓഫ് സൌദിഅറേബ്യയുടെ കമ്മ്യുണിക്കേഷന് ഡയറക്ടര്‍ ഇ.പി.ജോണ്‍ ലോഗോ തയ്യാറാക്കാന്‍ പ്രവീണിനോട് ആവശ്യപ്പെട്ടു. പല തരത്തിലുള്ള മാതൃകകള്‍ വരച്ചുവെങ്കിലും ഏറ്റവും ഇഷ്ടമുള്ളതും ലളിതവും ശക്തവുമായി തോന്നിയ ലോഗോ അയക്കുകയായിരുന്നു. പത്തു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രവീണിന്റെ സൃഷ്ടി പേപ്പല്‍ വിസിറ്റ് ലോഗോയായി തിരഞ്ഞെടുത്തതായി അറിയിപ്പ് വന്നു. ചരിത്ര പ്രാധാന്യമുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് ഭാഗമാകാന്‍ പറ്റിയത് ഏറെ അനുഗ്രഹമാണെന്ന് പ്രവീണ്‍ പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ എത്തുന്ന സമാധാന ദൂതനായ മാര്‍പ്പാപ്പയെ പ്രതിനിധീകരിക്കാനാണ് ഒലിവ് ചില്ല ഏന്തിയ പ്രാവ് എന്ന ആശയം ഉണ്ടായതെന്ന് പ്രവീണ്‍ പറഞ്ഞു. ഒലിവ് ഇലയ്ക്ക് പച്ചനിറം, പ്രാവിന് പേപ്പല്‍ നിറമായ മഞ്ഞ, ഫ്രാന്‍സിസ്കന്‍ സന്യാസ സമൂഹം പിന്തുടരുന്ന നിറമായ ബ്രൌണാണ് പോപ്പ് ഫ്രാന്‍സിസ് എന്ന ഇംഗ്ലീഷ് വാക്കുകള്‍ക്ക് നല്‍കിയത്.
ഗായകനും ചിത്രകാരനുമായ പ്രവീണ്‍ ഇരുപതു വര്‍ഷമായി ക്രിയേറ്റിവ് ഡിസൈനറായി ജോലി ചെയ്തു വരുകയാണ്. തൃശ്ശൂരില്‍ ജോയ് ആലുക്കാസ് കോര്‍പ്പറേറ്റ് ഓഫീസില്‍ ഡിജിറ്റല്‍ മീഡിയാ മാനേജരാണ്. ഭാര്യ: ആന്‍ മരിയ, മക്കള്‍: തെരേസ്, ജോവന്ന, റോസ്.


