പാലക്കാട്: അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ചതിൽ എയ്ഡഡ് സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി എഇഒ റിപ്പോർട്ട്.പീഡന വിവരം പൊലീസിനെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ച പറ്റിയെന്നും വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്കൂള്‍ പരാതി നൽകിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്നമായെന്ന് എഇഒ റിപ്പോർട്ടിൽ പറയുന്നു.
രക്ഷിതാക്കളുടെ നിസഹകരണം ഉണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്ക് പരാതി നൽകാമായിരുന്നു.സംഭവം അറിഞ്ഞതോടെ അധ്യാപകന്റെ രാജി എഴുതി വാങ്ങി. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്.
സംസ്കൃത അധ്യാപകൻ അനിലാണ് എസ് സി വിഭാഗത്തിൽപ്പെട്ട ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിൽ വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. നവംബര്‍ 29നാണ് സംഭവം നടന്നത്.
നേരത്തെ സംഭവത്തില്‍ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും പുറത്ത് വന്നിരുന്നു . പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ ദിവസങ്ങളോളം വിവരം മറച്ചുവെച്ചെന്നും പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിദ്യാർഥി സഹപാഠിയോട് തുറന്നു പറഞ്ഞ ഡിസംബർ 18 ന് തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞെന്നും റിപ്പോർട്ടിൽ പറഞ്ഞു. പീഡന വിവരം മറച്ചുവെച്ചു, അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചു തുടങ്ങി ഗുരുതര കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി സ്കൂളിനെതിരെ നടപടിയെടുക്കും.


