തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി പരിഗണിക്കും. നേരത്തെ സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയിൽ മറ്റൊരു ഹർജി നല്‍കിയത്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരുന്നു. സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുന്‍കൂർ ജാമ്യ ഹര്‍ജി, സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു. എന്നാൽ ജഡ്ജി ഇന്ന് അവധിയായതിനാൽ ചുമതലയുള്ള മറ്റൊരു കോടതിയിലാണ് ഹർജി വരിക. കേസ് പരിഗണിച്ച ശേഷം മാറ്റിവെക്കാനാണ് സാധ്യത.
പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലല്ലെന്നും രാഹുല്‍ നല്കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാന്‍ അടക്കം രാഹുല്‍ ഈശ്വറിന്റെ ഇടപെടല്‍ ഉണ്ടാകും എന്നാകും പ്രോസിക്യൂഷന് വാദം. കേസില്‍ നാലാം പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.
അതിജീവിതയുടെ വിവാഹഫോട്ടോ ഫേസ്ബുക്കില്‍ പങ്കു വയ്ക്കുക മാത്രമാണ് ചെയ്തത് എന്നും അത് പ്രചരിപ്പിച്ചതില്‍ പങ്കില്ല എന്നുമാകും സന്ദീപിന്റെ വാദം. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി രാഹുലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡിയിലിരിക്കെ രാഹുലിന്റെ വീട്ടിലും ടെക്നോപാര്‍ക്കിലെ ഓഫീസിലും പോലീസ് സംഘം തെളിവെടുപ്പ് നടത്തി. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരം തുടരുകയാണ്.


